Saturday, October 19, 2024
National

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് കാരണം സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം

ഒഡിഷയിൽ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തെ പറ്റി ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടതായി കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.

ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഇതുവരെ മരണസംഖ്യ 233 ആയി. 900ലേറെ പേർക്കാണ് പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

Leave a Reply

Your email address will not be published.