ഒഡീഷ ട്രെയിൻ അപകടം: കേന്ദ്രത്തിന്റെ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ: റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് ബിനോയ് വിശ്വം
ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന് പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പാവപ്പെട്ടവർ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ
‘കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിലാണ്. സാധാരണക്കാരുടെ ട്രെയിനുകളും പാളങ്ങളും അവഗണിക്കപ്പെടുകയാണ്. ഒഡീഷയിലെ ട്രെയിൻ അപകടവും അവിടെ സംഭവിച്ച മരണങ്ങളും അതിന്റെ ഫലമാണ്. റെയിൽവേ മന്ത്രി രാജിവയ്ക്കണം’ – ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ ട്വീറ്റ്.
ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 280 പേർ മരണപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.