203 തവണ രക്തം ദാനം ചെയ്തു, നൽകിയത് 96 ലിറ്റർ രക്തം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 80 കാരി
രക്തദാനം മഹാദാനം എന്നാണല്ലോ. സാധാരണ ഗതിയില്‍ നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കല്‍ക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള്‍ രക്തം നല്‍കാറുണ്ട്. അത് നമ്മുടെ ആവശ്യം ആണെന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ്. എന്നാല്‍ നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നല്‍കുന്ന നിരവധി ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. എന്നാൽ രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു സ്ത്രീയുണ്ട്. അമേരിക്കൻ സ്വദേശിയായ ജോസഫിൻ മിച്ചാലുക്ക് കൃത്യമായ ഇടവേളകളെടുത്ത് രക്തദാനം നടത്തി ഇപ്പോൾ ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ്.
1965-ൽ 22-ാം വയസ്സിൽ ആരംഭിച്ച് ശീലം ആറു പതിറ്റാണ്ടായി ജോസഫിൻ തുടർന്ന് പോരുന്നു. ജോസഫിൻ മിച്ചാലുക്ക് ഇതുവരെ 203 യൂണിറ്റ് രക്തം ദാനം ചെയ്തിട്ടുണ്ട്. ഒരു യൂണിറ്റ് രക്തം ഏകദേശം 473 മില്ലി ലിറ്ററിന് തുല്യമാണ്, അങ്ങനെയെങ്കിൽ ആകെ 96 ലിറ്റർ രക്തം ജോസഫിൻ ദാനം ചെയ്തുവെന്ന് സാരം. എണ്ണമറ്റ ജീവനുകളാണ് ഈ 80 കാരി ഇതുവരെ രക്ഷിച്ചിട്ടുള്ളത്. തന്റെ സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ആദ്യമായി രക്തദാനം നടത്തിയതെന്നാണ് ജോസഫിൻ പറയുന്നു.
യുഎസിൽ രക്തദാനത്തിന് പ്രായപരിധി ഇല്ലാത്തതിനാലും, ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടും 80 വയസിലും ജോസഫിൻ രക്തദാനം തുടരുകയാണ്. തന്നെ പോലെ കൂടുതൽ ആളുകൾ രക്തദാനത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫിൻ പറഞ്ഞു. O+ ആണ് ഇവരുടെ ബ്ലഡ് ഗ്രൂപ്പ്. അമേരിക്കൻ റെഡ് ക്രോസിന്റെ കണക്കനുസരിച്ച്, യുഎസ് ജനസംഖ്യയുടെ 37% പേർക്കും O+ ബ്ലഡ് ഗ്രൂപ്പാണ് ഉള്ളത്.