ഒഡിഷ ട്രെയിൻ ദുരന്തം: ഒഡിഷയിൽ ഒരു ദിവസത്തെ ദുഃഖാചരണം; രക്തം നല്കാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക്. ബഹനാഗയിൽ ഉണ്ടായ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മൂന്നിന് സംസ്ഥാനത്തുടനീളം ദുഃഖാചരണം പ്രഖ്യാപിച്ചതായി ഒഡീഷ സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.
കൂടാതെ, അപകടത്തിൽപ്പെട്ടവർക്കായി ഇന്നലെ രാത്രിയിൽ 500 യൂണിറ്റ് രക്തം ശേഖരിച്ചതായി ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നിലവിൽ 900 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. നിലവിൽ, കൂടുതൽ ആളുകൾ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളിൽ എത്തുന്നുണ്ട്.
ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 233 ആയി. 900ലേറെ പേർക്കാണ് പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.