ശക്തരായ ആളുകൾക്കെതിരെ പോരാടുന്നത് ബുദ്ധിമുട്ടുള്ള കാര്യം; വിനേഷ് ഫോഗട്ട്
ഡൽഹിയിൽ ഗുസ്തിതാരങ്ങൾ സമരം നടത്തുകയാണ്, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഗുസ്തിതാരങ്ങൾ പ്രതിഷേധിക്കുന്നത്. അധികാരവും സ്ഥാനവും ദുരുപയോഗം ചെയ്യുന്ന ഒരു വ്യക്തിക്കെതിരെ നിലകൊള്ളുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രശസ്ത ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു. അതേസമയം തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബ്രിജ് ഭൂഷൺ സിംഗ് ആരോപിച്ചു. ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിലച്ചെന്നും ബ്രിജ്‌ഭൂഷൺ കൂട്ടിച്ചേർത്തു .
ഗുസ്തി താരങ്ങളുടെ പ്രതിഷേധം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ് . ഇതിനോടകം നിരവധി പ്രതിപക്ഷ നേതാക്കൾ ഗുസ്തി താരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ബ്രിജ്‌ഭൂഷന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ഗുസ്തി ഫെഡറേഷനിൽ നിന്ന് രാജി വയ്ക്കാൻ ബ്രിജ് ഭൂഷൺ വിസമ്മതിച്ചു. “താൻ രാജിവെക്കാൻ സമ്മതിച്ചാൽ അവരുടെ ആരോപണങ്ങൾ ശരി വച്ചതുപോലെയാകും, എന്റെ കാലാവധി അവസാനിക്കാൻ പോകുകയാണ്. സർക്കാർ ഐ ഒ എ കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയും ഗുസ്തി താരം ബജ്‌റംഗ് പുനിയയും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ബ്രിജ്‌ബൂഷൻ കായിക താരങ്ങളെ ലക്ഷ്യംവച്ച് കുറ്റപ്പെടുത്തി. വിഷയത്തിൽ മൗനം പാലിക്കുന്ന ക്രിക്കറ്റ് താരങ്ങളെയും വിനേഷ് ഫോഗാട്ട് വിമർശിച്ചു . കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെയും ഗുസ്തിതാരങ്ങൾ വിമർശിച്ചു.ആദ്യ തവണ കായിക മന്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചത് . എല്ലാ കായികതാരങ്ങളും ലൈംഗിക പീഡനത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ ഒരു കമ്മിറ്റിയുണ്ടാക്കി വിഷയം അവിടെ ഒതുക്കാൻ ശ്രമിച്ചുവെന്നല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു .