എഐ ക്യാമറ ഇടപാട്: പ്രസാഡിയോ കമ്പനിയുടെ കോഴിക്കോട് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്
കോഴിക്കോട് : എഐ ക്യാമറ ക്രമക്കേടിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിക്കുന്നു. ഓഫീസിന് മുന്നിൽ 15 ഓളം പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയണ്. പ്രസാഡിയോ കമ്പനിക്കെതിരെ ഉയർന്ന ആരോപണം കുറിച്ച പോസ്റ്ററുകൾ ഓഫീസ് ചുമരിൽ പ്രവർത്തകർ പതിച്ചു. ചേവായൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രസാഡിയോ കമ്പനി ജീവനക്കാരും ബന്ധപ്പെട്ടവരും ഓഫീസിലുണ്ട്. സൂചന കണ്ട് പഠിച്ചില്ലെങ്കിൽ നാളെ ഈസമരം ആളിപ്പടരും എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകരുടെ പ്രതിഷേധം.
ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. പ്രസാഡിയോ ഡയറക്ടർ രാംജിത്തിന് ക്ലിഫ്ഹൗസുമായുള്ള ബന്ധമെന്തെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.
മോട്ടോർ വാഹവകുപ്പിൽ നിന്ന് പ്രസാഡിയോക്ക് മുമ്പും കരാർ കിട്ടിയതിന്‍റെ രേഖകളും പുറത്തുവന്നു.