അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും
അപകീർത്തിക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. കോടതിയിൽ നേരിട്ടെത്തി വിധിയിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെടുമെന്നാണ് വിവരം. 3 സംസ്ഥാന മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
കർണാടകയിലെ കോലാറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നൽകി.
അതേസമയം പട്നയിൽ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ അപകീർത്തിക്കേസിൽ ഏപ്രിൽ 12 ന് രാഹുൽ ഗാന്ധിയോടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ബിഹാറിലെ കത്യാറിലും ഈ വിഷയത്തിൽ കേസുണ്ട്.