ഞാൻ കുറ്റക്കാരനാണെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ല, രാഹുൽ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും; ലളിത് മോദി
രാഹുൽ ഗാന്ധിയെ കോടതി കയറ്റുമെന്ന് ഐ.പി.എൽ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ രാജ്യം വിട്ട ലളിത് മോദി. എന്തു കാരണത്താലാണ് ഞാൻ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത്? ഇതുവരെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ സാധാരണ പൗരൻ തന്നെയാണെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.
‘ഞാൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയെന്ന് ഗാന്ധിയുമായി ബന്ധപ്പെട്ട ഓരോരുത്തരും വീണ്ടും വീണ്ടും ആരോപിക്കുന്നു. എന്തുകൊണ്ട്? എങ്ങനെ? ഈ കുറ്റത്തിന് എപ്പോഴാണ് ഞാൻ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്? രാഹുൽ ഗാന്ധി എന്ന പപ്പുവിൽ നിന്ന് വ്യത്യസ്തനായി, ഞാനൊരു സാധാരണ പൗരനാണ്. എല്ലാ പ്രതിപക്ഷ നേതാക്കൾക്കും മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ വേണ്ടത്ര വിവരമില്ലാതെ പകപോക്കൽ നടത്തുകയാണ്.
ഞാൻ രാഹുൽ ഗാന്ധിയെ യു.കെയിലെ കോടതി കയറ്റും. അദ്ദേഹം ശക്തമായ തെളിവുകളുമായി ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു.
യഥാർഥ തട്ടിപ്പുകാർ ആരാണെന്നത് സംബന്ധിച്ച് ഇന്ത്യയിലെ ജനങ്ങളെ പറ്റിക്കാൻ നോക്കേണ്ട. ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കാൻ തങ്ങൾ മാത്രമാണ് യോഗ്യരെന്ന് പ്രചരിപ്പിക്കുന്നു. അതെ, നിങ്ങൾ ശക്തമായ നിയമം പാസാക്കിയാൽ ഞാൻ തിരിച്ചുവരുമെന്ന് ലളിത് മോദി വ്യക്തമാക്കി.
ലളിത് മോദി നീരവ് മോദി, നരേന്ദ്ര മോദി, എല്ലാ കള്ളൻമാർക്കും എങ്ങനെ നരേന്ദ്രമോദി എന്ന പേര് വന്നു’വെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് വിവാദമായത്. ഇതിനെതിരെ ഗുജറാത്ത് മന്ത്രി നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്.