10ആം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പശ്ചിമ ബംഗാളിൽ കുറ്റാരോപിതരുടെ വീടുകൾ തകർത്ത് നാട്ടുകാർ
പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പുതുവർഷത്തലേന്ന് ജൽപായ്ഗുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഇതിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ കുറ്റാരോപിതരുടെ വീടുകൾ തകർത്തു. കുറ്റാരോപിതരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകളുടെ മരണത്തെക്കുറിച്ച് പ്രതികളിൽ ഒരാൾ തന്നെയാണ് വിളിച്ച് അറിയിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വന്നുനോക്കുമ്പോൾ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മകളെ യുവാക്കൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാർ തടിച്ചുകൂടി പ്രതികളുടെ വീടുകൾ അടിച്ചുതകർത്തു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചു.