അതിക്രൂരം; രാജസ്ഥാനില്‍ 21 വയസുകാരിയെ മര്‍ദിച്ച് അവശയാക്കി നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവ്
രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ യുവതിയെ നഗ്‌നയാക്കി നടത്തിച്ചതായി പരാതി. മുന്‍ ഭര്‍ത്താവാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നയാക്കി നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 21 വയസുകാരിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതാണ് ക്രൂരകൃത്യത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവിനൊപ്പം അയാളുടെ ബന്ധുക്കളും ഉണ്ടായിരുന്നു.
പ്രതികളെ പിടികൂടാന്‍ ആറ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രസ്താവിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഒന്നാം നമ്പറില്‍ എത്തിച്ചേന്ന് മുന്‍ മുഖ്യമന്ത്രി വസുന്തര രാജെ വിമര്‍ശിച്ചു.