Saturday, October 19, 2024
National

ഉദയ്പൂര്‍ കൊലപാതകം; പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു, പാകിസ്ഥാന്‍ പങ്കിന് തെളിവുണ്ടെന്ന് ഉദ്യോഗസ്ഥര്‍

ദില്ലി: ഉദയ്പൂർ കൊലപാതകത്തില്‍ അറസ്റ്റിലായ നാല് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി. 

പ്രതികൾക്ക് പിന്നിലെ പാക് പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ പാകിസ്ഥാനിലുള്ള സൽമാനെന്നും ഏജൻസി പറയുന്നു. നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികളോട് സൽമാൻ നിർദ്ദേശിച്ചതായി എൻഐഎ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂർ കേസിന് ബന്ധമുള്ളതായാണ് ഏജൻസിയുടെ നിഗമനം.

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനാണ് കനയ്യ ലാൽ എന്ന തയ്യൽക്കാരനെ പട്ടാപ്പകൽ ​ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പൊലീസ് പിടികൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

കനയ്യ ലാലിന്റെ ശരീരത്തിൽ 26 മുറിവുകളുണ്ടായിരുന്നു. കൊലയാളികൾ ക്രൂരമായ കൊലപാതകം ചിത്രീകരിക്കുകയും പിന്നീട് ഒരു വീഡിയോയിൽ അതിനെക്കുറിച്ച് ആഹ്ലാദിക്കുകയും ചെയ്തു. 46 കാരനായ തയ്യൽക്കാരന്റെ ശരീരത്തിൽ 26 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഭീകര സംഘടനയായ ഐഎസ് രീതിയിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷയ്‌ക്കൊടുവിലാണ് പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published.