അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റർ; മുൻ ഇന്ത്യൻ ഓൾറൗണ്ടർ സലിം ദുറാനി അന്തരിച്ചു
മുൻ ഇന്ത്യൻ ഓൾറൗണ്ടർ സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരിൽ വീണ് തുടയെല്ല് പൊട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം സഹോദരന്റെ വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അഫ്ഘാനിസ്ഥാനിലെ കാബൂളിലാണ് താരം ജനിച്ചത്. അഫ്ഗാനിൽ ജനിച്ച് ഇന്ത്യക്കായി കളിച്ച ഒരേയൊരു ക്രിക്കറ്ററാണ് ദുറാനി.
ഇന്ത്യയ്ക്ക് വേണ്ടി 29 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ദുറാനി ആക്രമണ ബാറ്റിംഗ് കൊണ്ട് ശ്രദ്ധേയനായിരുന്നു. 1961-62 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിൽ ദുറാനി നിർണായക പങ്കുവഹിച്ചിരുന്നു. കൽക്കത്തയിലും മദ്രാസിലുമായി നടന്ന രണ്ട് മത്സരങ്ങളിൽ ത്തും എട്ടും വിക്കറ്റുകൾ വീതമാണ് ദുറാനി നേടിയത്. ടെസ്റ്റ് കരിയറിൽ ആകെ 1202 റൺസ് നേടിയ താരം ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയും നേടി. ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യ ഇദ്ദേഹത്തെ അർജുന അവാർഡ് നൽകി ആദരിച്ചു. അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്ററാണ് സലിം ദുറാനി. 2011ൽ സികെ നായിഡു അവാർഡും അദ്ദേഹത്തിനു ലഭിച്ചു.