രാഹുലിനെയും പാർട്ടിയെയും പരിഹസിച്ച് അനിൽ ആൻ്റണി, രൂക്ഷവിമർശനവുമായി യൂത്ത് കോണ്ഗ്രസ്
എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെയും പാർട്ടിയെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും, രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും പ്രതികരണം. പ്രസ്താവനയ്ക്ക് പിന്നാലെ അനിലിനെതിരെ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ, മോദി സർക്കാരിനെ വിമർശിക്കാൻ രാഹുൽ ഗാന്ധി ഉപയോഗിച്ച് വാക്കുകൾ ഉചിതമായി തോന്നിയില്ല. പിന്നീട് തൻ്റെ പ്രസ്താവന തിരുത്താനോ പറഞ്ഞതിൽ കൂടുതൽ വിശദീകരണം നൽകാനോ അദ്ദേഹം ശ്രമിച്ചതുമില്ല. ഇതിൻ്റെ അന്തിമഫലമാണ് ഇപ്പോഴത്തെ അയോഗ്യത. അടുത്തിടെയായി രാഹുൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന് ചുറ്റുമുള്ളവർ രാഹുലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർട്ടി ജനത്തിൽ നിന്ന് അകലുകയാണെന്നും അനിൽ തുറന്നടിച്ചു.
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. 75 വർഷങ്ങൾക്ക് ഇപ്പുറം പാർട്ടിയുടെ മുൻ അധ്യക്ഷൻ ലണ്ടനിലെത്തി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പ്രസ്താവിക്കുന്നു. കോൺഗ്രസിന്റെ യാത്ര ശരിയായ ദിശയിലേക്കാണോയെന്ന് സംശയമുണ്ട്. വരാനിരിക്കുന്ന നിർണായക സംസ്ഥാന ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യം നൽകുന്നതിന് പകരം ഒരു വ്യക്തിയുടെ പ്രൊമോഷന് വേണ്ടി സമയം പാഴാക്കുന്നു. ഇതേ വ്യക്തി നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകൾ ന്യായീകരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അനിൽ കുറ്റപ്പെടുത്തി.
അനിൽ ആന്റണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുകയാണ്. കടുത്ത അതൃപ്തിയാണ് നേതാക്കൾക്കുള്ളത്. രാഹുൽ ഗാന്ധിയുടെ പേര് ഉച്ചരിക്കാൻ അർഹതയില്ലാത്ത ആളാണ് അനിൽ ആന്റണിയെന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം. ഏറെ നാളായി പാർട്ടിക്കുള്ളിലെ കരടാണ് അനിൽ ആന്റണി വിഷയം. മകൻ്റെ പ്രസ്താവനകളിൽ എ.കെ ആന്റണി മൗനം തുടരുകയാണ്. വിഷയതിൽ ആന്റണി പ്രതികരിക്കാത്തതിലും പാർട്ടിക്കുളിൽ അതൃപ്തിയുണ്ട്.