ഗുജറാത്ത് കലാപ അനുബന്ധ കേസ്; 26 പ്രതികൾ കുറ്റവിമുക്തർ
ഗുജറാത്ത് കലാപ അനുബന്ധ കേസിൽ 26 പ്രതികൾ കുറ്റവിമുക്തർ. കൂട്ടബലാത്സംഗം, കൊലപാതകം അടക്കം കുറ്റക്യത്യങ്ങളിൽ ഭാഗമായവരാണ് കുറ്റവിമുക്തരായത്. 2002ൽ നടന്ന സംഭവത്തിൽ 20 വർഷത്തിന് ശേഷമാണ് കോടതി ഉത്തരവ്. സെഷൻസ് കോടതിയുടേതാണ് നടപടി.
ആകെ 39 പ്രതികളിൽ 13 പേർ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ 12 ലധികം പേരെ കൊലപ്പെടുത്തുകയും കൂട്ട ബലാത്സംഗം നടത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവർ. സെഷൻസ് ജഡ്ജ് ലീലാഭായ് ചുദസമയാണ് വെള്ളിയാഴ്ച ഈ വിധി പുറപ്പെടുവിച്ചത്. മതിയായ തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു.
2002 മാർച്ച് 1നുണ്ടായ കലാപത്തിനിടെയാണ് സംഭവമുണ്ടായത്. ഫെബ്രുവരി 27 ന് ഗോധ്രയിൽ വെച്ച് സബർമതി എക്‌സ്പ്രസ് ട്രെയിനിന്റെ എസ് 6 കോച്ച് കത്തിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. തീപിടിത്തത്തിൽ 59 പേർ കൊല്ലപ്പെട്ടു. പിന്നാലെയുണ്ടായ വ്യാപക അക്രമ സംഭവങ്ങൾക്കിടെയാണ് കൂട്ട ബലാത്സംഗവും കൊലപാതകവും ഉണ്ടായത്. 190 സാക്ഷികളെയും മറ്റ് 334 തെളിവുകളെയും വിസ്തരിച്ചെങ്കിലും വാദിഭാഗത്തിൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ കലാപമാണ് 2002ൽ ഗുജറാത്തിലുണ്ടായത്. ദെലോൽ ഗ്രാമത്തിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടോടിയ 38 പേരെ ആക്രമിച്ച് 11 പേരെ ജീവനോടെ തീകൊളുത്തിയതും ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതുമൊക്കെ ഈ കലാപത്തിൻ്റെ ഭീകരത വിവരിക്കുന്നതാണ്.