ബിൽക്കിസ് ബാനോ കേസ്: വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി
2002-ലെ ഗോധ്ര കലാപത്തിൽ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദി വീണ്ടും പിന്മാറി. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസവും ബാനോയുടെ പുനഃപരിശോധനാ ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബേല ത്രിവേദി സ്വയം പിന്മാറിയിരുന്നു.
ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രീം കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. ഇരയായ ബിൽക്കിസിന്റെ ഹർജിക്കൊപ്പം സാമൂഹിക പ്രവർത്തകർ നൽകിയ ഹർജികളും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ബുധനാഴ്ച നടന്ന ഹിയറിംഗിൽ ഗുജറാത്ത് സർക്കാരും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
സിപിഐഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്ര എന്നിവർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.