Sunday, January 5, 2025
National

ബിൽക്കിസ് ബാനുക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രിംകോടതി നിർദ്ദേശം

ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രിംകോടതി നിർദ്ദേശം. ശിക്ഷാ ഇളവിനെതിരായ ഹർജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ വിധി. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനമെന്ന് ഹർജിക്കാർ വാദിച്ചു. 11 പ്രതികളെ മോചിപ്പിക്കുക വഴി അതിജീവിതയെ സമൂഹമാധ്യമത്തിൽ വീണ്ടും തെറ്റുകാരിയാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത് എന്നും ഹർജിക്കാർ വാദിച്ചു.

കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഇതിനെ എതിർത്തു. ഹർജി നൽകിയത് അതിജീവിതയല്ല, മൂന്നാം കക്ഷികളാണ്. മൂന്നാം കക്ഷികൾക്ക് ഒരു ക്രിമിനൽ കേസിൽ ഇടപെടാൻ എങ്ങനെ സാധിക്കും എന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ചോദിച്ചു. എന്നാൽ, കേസിൻ്റെ വിപുലമായ താത്പര്യം പരിഗണിച്ച് നോട്ടീസ് നൽകാനാണ് സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും നോട്ടീസിൽ മറുപടി നൽകണം.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത്‌ സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിയ്ക്കെതിരെയാണ് കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയത്. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് ബിൽക്കിസ് ബാനു അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിയ്ക്കണം. സ്വാതന്ത്ര്യദിനത്തിൽ സർക്കാരെടുത്ത തീരുമാനം 20 വർഷം മുൻപത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവർ പറഞ്ഞു. അതേസമയം, വിട്ടയച്ചത് മാനുഷിക പരിഗണനയിലാണെന്നും കൈക്കൊണ്ട നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു.

ഗുജറാത്ത്‌ കലാപത്തിനിടെ ഉണ്ടായ സംഭവത്തിന് തുടർച്ചയായി മൂന്നുവയസ്സുള്ള കുട്ടിയുൾപ്പെടെ ബിൽക്കിസിൻ്റെ ഏഴ്‌ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. അന്ന് 19 വയസായിരുന്നു ബൽക്കിസ് ബാനുവിന് ഉണ്ടായിരുന്നത്. ഈ കേസിൽ കോടതി ശിക്ഷിച്ച 11 പ്രതികളെയാണ് ഗുജറാത്ത്‌ സർക്കാർ മോചിപ്പിച്ചത്. മുംബൈ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന 11 കുറ്റവാളികളും ഗോദ്രാ ജയിലിൽ നിന്നും പുറത്തിറങ്ങി. 2008 ജനുവരിയിലാണ് ബിജെപി നേതാവ് ഷൈലേഷ് ഭട്ടടക്കമുള്ള പ്രതികൾക്ക് മുംബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *