തെളിവില്ല; ഗുജറാത്ത് കലാപത്തിൽ പ്രതി ചേർക്കപ്പെട്ട 22 പേരെ വെറുതെവിട്ടു
2002ലെ ഗുജറാത്ത് കലാപത്തിൽ രണ്ട് കുട്ടികളടക്കം 17 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട 22 പേരെ കോടതി വെറുതെവിട്ടു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ സെഷൻസ് കോടതിയുടേതാണ് വിധി. കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി ഹരീഷ് ത്രിവേദി ഇവരെ വെറുതെവിട്ടത്. 22 പേരിൽ 8 പേർ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഗോധ്ര എക്സ്പ്രസിലെ ഒരു കോച്ച് തീവച്ചതിനെ തുടർന്ന് 2002 ഫെബ്രുവരിയിലും മാർച്ചിലുമായാണ് ഗുജറാത്തിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. 2002 ഫെബ്രുവരി 27നായിരുന്നു സംഭവം. പിറ്റേന്ന് ദെലോൾ ജില്ലയിൽ 17 മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷം, 2003 ഡിസംബറിലാണ് പൊലീസ് എഫ്ഐആർ സമർപ്പിച്ചത്. 2004ൽ 22 പേർ അറസ്റ്റിലായി. എന്നാൽ, 2004ൽ തന്നെ ഈ പ്രതികൾക്കൊക്കെ ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാനായി ഇവർ മൃതദേഹങ്ങൾ തീവച്ച് നശിപ്പിച്ചു എന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൊല്ലപ്പെട്ടവരുടെ എല്ലുകളും പ്രോസിക്യൂഷൻ സമർപ്പിച്ചു. എന്നാൽ ഇതിനൊന്നും മതിയായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.