ബഫര്‍ സോണില്‍ നാളെ ഹര്‍ജി നല്‍കില്ല; കൂടിയാലോചനയ്ക്ക് ശേഷം തീരുമാനമെന്ന് സര്‍ക്കാര്‍
ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും. നാളെ ഹര്‍ജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുപ്രിംകോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ച് പൊതു ഹര്‍ജി നല്‍കനാണ് ആലോചന. കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട്യച്ചിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രിം കോടതി വിധിയില്‍ അതൃപ്തരാണെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ പ്രശ്‌ന ബാധിത സംസ്ഥാനങ്ങളുടെ നിലപാട് കൂടിപരിഗണിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
കൂടുതല്‍ കൂടിയാലോചനയ്ക്ക് ശേഷം പൊതു ഹര്‍ജി നല്‍കുന്നതാകും ഉചിതമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
സംരക്ഷിതവനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നായിരുന്നു സുപ്രിം കോടതി വിധി. ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് വിധി. തിരുത്തല്‍ ഹര്‍ജിയോ പുനഃപരിശോധനാ ഹര്‍ജിയോ നല്‍കാനായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നീക്കം.