മുംബൈയില്‍ ലൈവിനിടെ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്റെ അതിക്രമം
യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച രാത്രിയിലാണ് മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്. ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വിഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യിൽ ഒരാൾ കയറിപ്പിടിക്കുന്നതാണ് വിഡിയോ.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം നടക്കുകയാണ്. ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്. ഇവരെല്ലാം ഈ ആക്രമണം തത്സമയം കാണുകയും ചെയ്തു. സബേർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
ലൈവ് വിഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്. എന്നാൽ യുവതി അത് നിരസിച്ചിട്ടും കയ്യിൽക്കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് അടുക്കാൻ ശ്രമിക്കുമ്പോൾ ശാന്തതയോടെ സ്ഥലത്തുനിന്ന് യുവതി പോകാൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. തുടർന്ന് തന്റെ വീട് അടുത്തുതന്നെയാണെന്ന മറുപടി യുവതി നൽകുന്നുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ സംഭവം അന്വേഷിക്കുന്നുണ്ട്. യുവതിയോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.