Thursday, January 23, 2025
National

ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹിതത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.

ചെന്നൈയിലെ രജനീകാന്തിന്റെ വസതിയില്‍ എത്തിയാണ് കലാനിധി മാരന്‍ ചെക്ക് കൈമാറിയത്. ചെക്കിലെ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചെക്ക് കൈമാറുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ജയിലറിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നുവെന്നാണ് പോസ്റ്റിനൊപ്പമുള്ള തലക്കെട്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ സിഇഒ ആണ് കലാനിധി മാരന്‍.

ജയിലര്‍ തീയറ്ററുകളില്‍ എത്തി മൂന്നാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമുള്ള ബോക്‌സോഫീസ് കളക്ഷന്‍ 350 കോടി രൂപയാണ്.

ജയിലറിന് മുമ്പ് സിരുത്തൈ ശിവയുടെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രതികൂലമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തെ കുറിച്ച് ആരാധകരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലറിലെ രജനിയുടെ ആറാട്ട്. രജനീകാന്തിന് ഒപ്പം വിനായകന്‍, മോഹന്‍ലാല്‍ എന്നിവരും ചിത്രത്തില്‍ തകര്‍ത്താടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *