Monday, April 14, 2025
National

ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണം; ഡ്രൈവറും ജോലിക്കാരിയും അറസ്റ്റില്‍

രജനീകാന്തിന്‍റെ മകൾ ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.

വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.കഴിഞ്ഞ 18 വർഷമായി ഐശ്വര്യയുടെ വസതിയിലാണ് ഈശ്വരി ജോലി ചെയ്തിരുന്നതെന്നും വെങ്കിടേശന്‍റെ സഹായത്തോടെ പോയസ് ഗാർഡനിലെ വസതിയിൽ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. മോഷ്ടിച്ച വിലപിടിപ്പുള്ള സാധനങ്ങൾ വിറ്റാണ് ഇവർ ചെന്നൈയിൽ വീട് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.

ചെന്നൈയിലെ സെന്‍റ്.മേരീസ് റോഡിലുള്ള കൃപ അപ്പാര്‍ട്ട്മെന്‍റിലെ ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. 2022 ഏപ്രിൽ മാസത്തിൽ പോയസ് ഗാർഡനിലുള്ള തന്‍റെ വീട്ടിലേക്ക് ലോക്കർ മാറ്റി. സെന്‍റ് മേരീസ് റോഡിലുള്ള അപാർട്മെന്‍റിലായിരുന്നു ലോക്കറിന്‍റെ താക്കോൽ സൂക്ഷിച്ചിരുന്നത്. ഈ വർഷം ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോൾ വിവാഹം കഴിഞ്ഞ് 18 വർഷമായി സ്വരുക്കൂട്ടിയ ആഭരണങ്ങളിൽ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

ഡയമണ്ട് സെറ്റുകൾ, പരമ്പരാഗത സ്വർണാഭരണങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ സ്വർണം എന്നിവയാണ് മോഷണം പോയത്. തന്‍റെ വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി എന്നിവരെയും ഡ്രൈവർ വെങ്കിടിനെയും സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *