യോഗി സർക്കാരിന്റെ ഒളിച്ചുകളി അപലപനീയമാണ്; മുഖത്ത് അടിച്ച കുട്ടിയെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍
ഉത്തര്‍പ്രദേശില്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുഖത്ത് മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ വിമർശനവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. എങ്ങനെയാണ് മതം നോക്കി കുട്ടികളെ വേർതിരിച്ചു കാണാൻ ഒരു ടീച്ചർക്ക് കഴിയുക? അവരിൽ ഒരാളെ മാറ്റി നിർത്തി ഇതരമതക്കാരായ കുട്ടികളെക്കൊണ്ട് അവനെ തല്ലിക്കാനും അതുകണ്ട് ആനന്ദിക്കാനും തൃപ്താ ത്യാഗി എന്ന മതഭ്രാന്തിക്ക് എങ്ങിനെ സാധിച്ചു? അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുസഫർനഗറിലേക്ക് വിമാനം കിട്ടാത്തത് കൊണ്ടാണാവോ എന്തോ ലീഗിൻ്റെ എം.പിമാരെയൊന്നും ആ വഴിക്ക് കണ്ടില്ല. കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീര് കാണിച്ച് പള്ളികൾ കേന്ദ്രീകരിച്ച് പിരിച്ച് അതിന് തലയും വാലുമില്ലാതാക്കി സ്വന്തം ആർഭാഢങ്ങൾക്ക് മുക്കിയ പോലെ ഖുതുബ്പൂരിലെ കുട്ടിയുടെ കുടുംബത്തിന് സഹായിക്കാനെന്നും പറഞ്ഞ് ഓൺലൈൻ പിരിവുമായി യൂത്ത്ലീഗ് ഇറങ്ങേണ്ട.
“അൽതാഫി”ൻ്റെയും കുടുംബത്തിൻ്റെയും കാര്യം പിരിവ് നടത്താതെതന്നെ സി.പി.ഐ (എം) ഏറ്റെടുത്തിട്ടുണ്ട്. സുഭാഷിണി അലിയും ജോൺ ബ്രിട്ടാസ് എം.പിയും അക്കാര്യം പ്രസ്തുത കുടുംബത്തെ അറിയിച്ച വിവരമാണ് ഇമേജിൽ കൊടുത്തിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഒരായിരം ബിഗ് സെല്യൂട്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.