‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ’; ഗുസ്തി താരങ്ങളോട് കായിക മന്ത്രി
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ബിജെപി പ്രതിക്കൂട്ടിൽ നിൽക്കെ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഡബ്ല്യുഎഫ്‌ഐ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടക്കുന്ന സമരം കേന്ദ്രസർക്കാർ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയാണ്. ആരോപണങ്ങളിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമർപ്പിക്കാനും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളുടെ അഭ്യർത്ഥന പ്രകാരം മാത്രമാണ് ഇതുവരെ എല്ലാ നടപടികളും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതിഷേധക്കാർ കാത്തിരിക്കണം. ഇന്ത്യയിലെ നിയമം എല്ലാവർക്കും ഒരുപോലെയാണ്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സർക്കാർ ആരംഭിച്ച പൊലീസ് അന്വേഷണത്തിൽ വിശ്വാസമർപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടും താരങ്ങൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘വിഷയം സെൻസിറ്റീവായാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ഡൽഹി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഞങ്ങൾ അംഗീകരിച്ചു. ഗുസ്തി താരങ്ങൾ പറഞ്ഞതെല്ലാം ഞങ്ങൾ അംഗീകരിക്കുകയാണ് ചെയ്തത്.’ – അനുരാഗ് താക്കൂർ കൂട്ടിച്ചേർത്തു. ഗുസ്തി താരങ്ങളോട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.