വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് നടിയുടെ പരാതി; തമിഴ്‌നാട് മുൻ മന്ത്രിക്കെതിരെ കേസെടുത്തു
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ തമിഴ്‌നാട് മുൻമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ എ മണികണ്ഠനെതിരെ കേസെടുത്തു. അഞ്ച് വർഷത്തോളം തന്നോട് അടുപ്പം കാണിച്ചിരുന്ന മണികണ്ഠൻ പലതവണ പീഡിപ്പിച്ചെന്ന് ശാന്തിനി തേവ എന്ന നടി പറയുന്നു
മൂന്ന് തവണ ഗർഭിണിയായി. എല്ലാ തവണയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. കുട്ടി വിവാഹത്തിന് ശേഷം മതിയെന്നായിരുന്നു മണികണ്ഠൻ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇയാൾ തന്നെ ഒഴിവാക്കുകയായിരുന്നു. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു
സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് നടി പരാതി നൽകിയത്. എന്നാൽ ആരോപണം ഉന്നയിച്ച നടിയെ തനിക്ക് അറിയില്ലെന്നാണ് മണികണ്ഠന്റെ പ്രതികരണം. ഇയാൾ നിലവിൽ ഒളിവിലാണ്.