കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡന കേസ്; നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ ഉൾപ്പെടുത്തിയാണ്റിപ്പോർട്ട്. കേസിലെ പ്രതി ശശീന്ദ്രനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ ഇരയ്ക്ക് അനുകൂലമായി നിലപാടെടുത്ത നഴ്‌സിനെ ഭരണാനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സൂപ്രണ്ടിന് നൽകിയ പരാതി അന്വേഷിച്ച സമിതിക്ക് മുന്നിൽ മറ്റ് പരാതികൾ കൂടി വന്നു. ആരോപണം വ്യാജമാണെന്നായിരുന്നു എൻ.ജി.ഒ യൂണിയന്റെ പരാതി.
ഭീഷണിപ്പെടുത്തിയവർക്കെതിരെ പരാതി നൽകിയ എല്ലാവരുടെയും മൊഴി ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തി. അതിന് ശേഷം വിശദ റിപ്പോർട്ട് പ്രിൻസിപ്പാളിന് സമർപ്പിച്ചു. ഇതിനിടെ നഴ്‌സിംഗ് ഓഫീസർ വ്യാജ പരാതി നൽകിയെന്നാരോപിച്ച് ഇടതുപക്ഷ യൂണിയനുകൾ മാർച്ച് നടത്തി.