Wednesday, January 8, 2025
National

ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ

ആന്ധ്രാപ്രദേശിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു.

പ്രചാരം കുറവുള്ള പ്രദേശങ്ങളിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി സത്യനാരായണ പറയുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും നിർമാണത്തിനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും. സംസ്ഥാനത്ത് 1,330 ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഈ പട്ടികയിലേക്ക് 1,465 ക്ഷേത്രങ്ങൾ കൂടി ചേർത്തിട്ടുണ്ട്.

ഇതിന് പുറമെ ചില എംഎൽഎമാരുടെ ആവശ്യപ്രകാരം 200 ക്ഷേത്രങ്ങൾ കൂടി നിർമിക്കും. ശേഷിക്കുന്ന ക്ഷേത്രങ്ങളുടെ നിർമാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിർമിക്കുക. നിലവിൽ സംസ്ഥാനത്താകെ 978 ക്ഷേത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓരോ 25 ക്ഷേത്രങ്ങളുടെയും നിർമാണച്ചുമതല ഒരു എൻജിനീയറെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചില ക്ഷേത്രങ്ങളുടെ പുനരുജ്ജീവനത്തിനും ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾക്കുമായി അനുവദിച്ച 270 കോടി രൂപ സിജിഎഫ് ഫണ്ടിൽ 238 കോടി രൂപ ഇതിനകം നൽകിയിട്ടുണ്ട്. കൂടാതെ ഈ സാമ്പത്തിക വർഷം ഒരു ക്ഷേത്രത്തിന് 5000 രൂപ നിരക്കിൽ ആചാരാനുഷ്ഠാനങ്ങൾക്ക് ധനസഹായം നൽകാൻ നീക്കിവച്ച 28 കോടി രൂപയിൽ 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി കോട്ട് സത്യനാരായണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *