Monday, January 6, 2025
Kerala

സ്വപ്നയെ അറിയില്ലെന്ന് നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ ബിസിനസുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറയുന്നുണ്ട്.

നോർക്കയിൽ സ്വപ്നയെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്. സ്വപ്ന യുഎഇ കോൺസുലേറ്റിൽ നിന്നും രാജിവെച്ചതറിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഞെട്ടിയത് ഇനി അനധികൃത കച്ചവടം എങ്ങനെ നടത്തുമെന്ന് ആലോചിച്ചിട്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക തർച്ചയെ സംബന്ധിച്ച നിയമസഭയിലെ ചോദ്യങ്ങൾക്ക് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മറുപടി പറയാത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഇത്രയും കാലം കേന്ദ്രത്തെ കുറ്റം പറഞ്ഞ് രക്ഷപ്പെട്ട മന്ത്രി ഇപ്പോൾ കണക്കുകൾ പുറത്തുവന്നപ്പോൾ ഒളിച്ചോടുകയാണ്. വൻകിടക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ പീഡിപ്പിക്കുന്ന സർക്കാരിന്റെ നിലപാട് ചർച്ചയാകാതിരിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. നികുതി പിരിവിലെ സർക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങൾക്ക് മുമ്പിൽ ബിജെപി ചർച്ചയാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശ സ്ഥാനപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എട്ട് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനുള്ള ജനങ്ങളുടെ താക്കീതാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് ഉൾപ്പെടെ രണ്ട് സീറ്റുകളിൽ എൻഡിഎക്ക് മിന്നുന്ന വിജയം നേടാനായത് നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *