Thursday, January 23, 2025
National

‘മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണം’; ഹര്‍ജിക്കാരന് സുപ്രിംകോടതിയുടെ വിമര്‍ശനം

മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാകരുതെന്ന് സുപ്രിംകോടതി. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗും ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍ മുസ്ലിമിന്‍ എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് കോടതി വിമര്‍ശിച്ചു.

‘ഹര്‍ജിക്കാരന്‍ മതേതരനായിരിക്കണം. നിങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേരാന്‍ കഴിയില്ല. പക്ഷേ ഓരോ പ്രത്യേക മതത്തിന്റെയും ഒരു പാര്‍ട്ടിയെ പ്രതീകാത്മക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കാം. ഒരു പ്രത്യേക സമുദായത്തിനെതിരായ ഹര്‍ജിയാണെന്ന ധാരണ ഉണ്ടാകരുത്’ ജസ്റ്റിസുമാരായ എംആര്‍ ഷാ, ബിവി നാഗരത്‌ന എന്നിവരുടെ ബെഞ്ച് പറഞ്ഞു.

2021ല്‍ ഹിന്ദുമതം സ്വീകരിച്ച ഉത്തര്‍പ്രദേശ് ഷിയ വഖഫ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. റിസ്വിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും ഇദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരുന്നെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. ഈ ഘട്ടത്തിലാണ് ഹര്‍ജിക്കാരന്‍ മതനിരപേക്ഷത പുലര്‍ത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

സത്യവാങ്മൂലങ്ങളില്‍ പ്രതികരണം നല്‍കാന്‍ ഐയുഎംഎല്ലും എഐഎംഐഎമ്മും സമയം ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് 20 ന് കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജി വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും വിശദമായ പരിശോധനയ്ക്ക് കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയെ അറിയിച്ചു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അവരുടെ മാത്രം സ്വത്തായി കണക്കാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും ഡല്‍ഹി ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *