വേണം പ്രത്യേക സാമ്പത്തിക സഹായം; കേന്ദ്രബജറ്റില്‍ കണ്ണുംനട്ട് കേരളം
കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടലും ഉള്‍പ്പടെ പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ നിരവധിയാണ്.
റവന്യുകമ്മി ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവുമടക്കം ഇല്ലാതാകുന്ന സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടലും കേരളം ആവശ്യപ്പെടുന്നുണ്ട്. കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തല്‍ ഉയര്‍ത്തണം.
സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ക്ക് അനുമതി ലഭിക്കണം. ശബരിപാത, നേമം-കോച്ചുവേളി ടെര്‍മിനലുകള്‍, തലശേരി-മൈസൂരു, കാഞ്ഞങ്ങാട്- പാണത്തൂര്‍-കണിയൂര്‍ പാതകള്‍ എന്നീ പദ്ധതി ആവശ്യങ്ങളും കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നേമം കോച്ചിങ് ടെര്‍മിനല്‍, അമൃത എക്സ്പ്രസ് രാമേശ്വരംവരെ നീട്ടല്‍, എറണാകുളം- -വേളാങ്കണ്ണി പുതിയ ട്രെയിന്‍ തുടങ്ങിയവ കേന്ദ്രത്തിനു മുന്നിലുണ്ട്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ എല്‍എച്ച്ബി കോച്ചുകള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം വേണം.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശ കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ പോയിന്റ് ഓഫ് കോള്‍ ആവശ്യമാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന പദ്ധതികള്‍ക്ക് തുക ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം പാര്‍വതി മില്‍, തിരുവനന്തപുരം വിജയമോഹിനി മില്‍ ഉള്‍പ്പെടെ തുണിമില്ലുകള്‍ തുറക്കല്‍ പ്രഖ്യാപനം, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സും (ഐആര്‍ഇ), എച്ച്എല്‍എല്ലും ഉള്‍പ്പെടെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ പുനരുദ്ധാരണം, മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സാമ്പത്തിക പാക്കേജ് എന്നിവയും കേരളം പ്രതീക്ഷിക്കുന്നു.