Sunday, April 13, 2025
Movies

‘വണ്‍’ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചാരണം; തമിഴ് റോക്കേഴ്‌സ് അടക്കം ബാന്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാന്‍ ചെയ്ത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തമിഴ് റോക്കേഴ്‌സ് എന്ന ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പലതും മുഴുവനായും ബാന്‍ ചെയ്‌തെന്ന് പോസ്റ്റില്‍ പറയുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചാനലുകളുടെ അഡ്മിന്‍ വിവരങ്ങളും പ്രൊഫൈലും പങ്കുവച്ചുള്ള പോസ്റ്റാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

അണിയറപ്രവര്‍ത്തകരുടെ പോസ്റ്റ്:

വണ്ണിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിന്‍മാരുടെ വിവരങ്ങളും ചാനല്‍ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഫലമായി 188000 ഫോളോവേര്‍സുള്ള തമിഴ് റോക്കേര്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പല ചാനലുകളും മുഴുവനായും ബാന്‍ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ചാനലിലെ അഡ്മിന്‍ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു. സിനിമ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങള്‍ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികള്‍ തന്നെ കൈക്കൊള്ളുകയും ചെയ്യും. സിനിമയെ സ്നേഹിക്കുന്നവര്‍ സിനിമ തിയറ്ററില്‍ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

മാര്‍ച്ച് 26ന് ആണ് സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വണ്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്. റൈറ്റ് ടു റീകോള്‍ എന്ന ബില്‍ പ്രമേയമാക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *