മമ്മൂട്ടിയുടെ സേതുരാമയ്യർ അഞ്ചാം ഭാഗം ഉടൻ
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിബി ഐ 5. മമ്മൂട്ടി സേതുരാമയ്യരായി എത്തിയപ്പോഴെല്ലാം പ്രേക്ഷകരും അദ്ദേഹത്തിനൊപ്പമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി അടുത്ത ഭാഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അഞ്ചാം ഭാഗവുമായി തങ്ങളെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.
സേതുരാമയ്യരായി മമ്മൂട്ടി എത്തുമ്പോള്‍ ചാക്കോയായി മുകേഷും എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ സിനിമ ഇതാണെന്ന് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ബിലാലും വണ്ണുമടക്കം നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്.
കെ മധു-എസ് എന്‍ സ്വാമി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ലോക് ഡൗണിന് ശേഷം സിനിമാഷൂട്ടിംഗ് പുനരാരംഭിച്ചുവെങ്കിലും നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. 50 പേരെ വെച്ചുള്ള ഷൂട്ടിംഗ് നടത്താനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.