കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ ; ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് കൈവരിക്കുന്നത്.
രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ വിജയിയുടെ തന്നെ സിനിമകളായ ‘സർക്കാർ’, ‘ബീഗിൾ’ എന്നിവയും ഉൾപ്പെടുന്നു. രജനീകാന്തിന്റെ ‘2.0’, ‘കബാലി’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.
സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സിനിമ കൂടുതൽ കളക്ഷൻ നേടാനാനാണ് സാധ്യത. ചിലപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയാൽ അതിശയിക്കാനില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ‘കബഡിയുടെ’ റീമിക്സ് പതിപ്പും വിജയ് ആരാധകർ ആർപ്പുവിളിയോടെയാണ് തീയറ്ററിൽ സ്വീകരിച്ചത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിൽ വിജയ് സേതുപതി വില്ലനാകുമ്പോൾ നായികാ വേഷം ചെയ്തിരിക്കുന്നത് മാളവിക മോഹൻ ആണ്.