Monday, January 6, 2025
Movies

കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി

ഇന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന മലയാളം ഗാനം  നിഹാല്‍ സാദിഖ് ,ഹരിനി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രമുഖ ഗായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവി ക്രിയേഷന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത്.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍. പൊങ്കല്‍ ദിനത്തില്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്‌ഡെയാണ്. യുവി ക്രിയേഷന്‍, ടി – സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി, നൃത്തം:വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എന്‍. സന്ദീപ്.

Leave a Reply

Your email address will not be published. Required fields are marked *