ഷാരൂഖ് ചിത്രം ജവാൻ്റെ ഭാഗങ്ങൾ ചോർന്നു; കേസെടുത്ത് മുംബൈ പൊലീസ്
റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ഭാഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിർമ്മാതാക്കൾ പരാതി നൽകി. ഓഗസ്റ്റ് 10 ന് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്താന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമായ ജവാൻ ആരാധകരെ ത്രില്ലടിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിത്രം സെപ്തംബർ 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനിടെയാണ് ചിത്രത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചോർന്നത്. സിനിമയുടെ നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്‌സ് ആണ് പരാതി നൽകിയത്.
സംഭവത്തിൽ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച അഞ്ച് ട്വിറ്റർ ഹാൻഡിലുകൾക്ക് പൊലീസ് നോട്ടീസ് നൽകി. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണിന് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നുകൊണ്ട് പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആറ്റിലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ- നയൻതാര ജോഡികൾ ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ജവാൻ.