ജെയ്ക്.സി.തോമസ് മികച്ച സ്ഥാനാർത്ഥി, കേരളത്തിന്റെ പ്രതീക്ഷ; ഇ.പി ജയരാജൻ
ശക്തമായ രാഷ്ട്രീയ മത്സരം പുതുപ്പള്ളിയിൽ ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രണ്ടു മുന്നണികളുടെയും സ്ഥാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ജയ്ക്ക് സി തോമസ് മികച്ച സ്ഥാനാർത്ഥി. കേരളത്തിന് സുപരിചിതനായ യുവജന നേതാവാണ്. ഉയർന്ന രാഷ്ട്രീയ നിലവാരവും രാഷ്ട്രീയ പക്വതയുമുള്ള നേതാവ്, കേരളത്തിന്റെ പ്രതീക്ഷയാണ് ജയ്ക്ക് സി തോമസ്. പുതുപ്പള്ളി രണ്ടും കയ്യും നീട്ടി ഇടതു സ്ഥാനാർത്ഥിയെ സ്വീകരിക്കും. അതിനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ട്. കേരളത്തിന്റെ ആകെ നേതൃരംഗം പുതുപ്പള്ളി കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മത്സരത്തിൽ കരുത്തനായ നേതാവിനെ തന്നെയാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. ഒരു പ്രതിനിധി മരിച്ചാൽ ഒരു മാസം കഴിഞ്ഞേ ഇന്ത്യയുടെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുള്ളൂ.എന്നാൽ പുതുപ്പള്ളിയിൽ ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ സാഹചര്യം എല്ലാവരും നിരീക്ഷിക്കുകയാണ്. സഹതാപ മത്സരം ആയിരിക്കുമെന്ന് പറഞ്ഞത് ഞങ്ങളല്ല. എൽഡിഎഫ് രാഷ്ട്രീയ മത്സരത്തിന് തന്നെയാണ് ഒരുങ്ങുന്നത്. പ്രത്യേകിച്ച് സഹതാപ തരംഗം ഒന്നും പുതിപ്പള്ളിയിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
പുതുപ്പള്ളിലെ സ്ഥാനാർത്ഥി ചർച്ചകൾക്കിടെ എം വി ഗോവിന്ദനാണ് ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടര മുതൽ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മുന്നിലെത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. വാർഡ് കമ്മിറ്റികൾ മുതൽ മണ്ഡലം കമ്മിറ്റി വരെ സജീവമാക്കാൻ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 17ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നിലവിലെ തീരുമാനം.