മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി ഷാരൂഖ് ഖാൻ
മുംബൈ: മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റും ജയിൽവാസവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും കാരണം ദീർഘകാലമായി അവധിയിലായിരുന്നു ഷാരൂഖ് ഖാൻ.
ഈ ദിവസങ്ങളിൽ മകന്‍റെ കേസിന്‍റെ കാര്യങ്ങളും മാനസികാരോഗ്യം തിരിച്ചുപിടിക്കുന്നതിനുള്ള വഴികളും മാത്രമായിരുന്നു കിങ് ഖാൻ ശ്രദ്ധിച്ചിരുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ്.
ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആറ്റ്‌ലിയുടെ പേരിടാത്ത ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം കാർ കമ്പനിയുടെ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ടാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം ‘ഗൗരി ഖാൻ ഡിസൈൻസ്’ എന്ന തന്‍റെ കമ്പനിയുടെ പുതിയ സംരഭത്തെക്കുറിച്ചുള്ള അറിയിപ്പുമായി ഗൗരിഖാനും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. രണ്ടു മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു സോഷ്യൽമീഡിയയിലേക്കുള്ള ഗൗരിയുടെ തിരിച്ചുവരവ്.
ആര്യൻ ഖാന്‍റെ അറസ്റ്റിനുശേഷം ഷാരൂഖ്, ഗൗരി, സുഹാന എന്നിവർ സോഷ്യല്‍ മീഡിയയിലും മറ്റ് പൊതുചടങ്ങുകളിലും സജീവമായിരുന്നില്ല.