Thursday, January 9, 2025
Movies

ബച്ചന്‍ പാണ്ഡേ’യിലെ നായകവേഷത്തിന് അക്ഷയ് കുമാര്‍ വാങ്ങുന്നത് 99 കോടി

ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ ഒന്നാം സ്ഥാനത്താണ്. ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം സാമ്പത്തിക വിജയങ്ങള്‍ നേടിയ താരം ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലും മുന്നിലാണ്. റിപബ്ലിക് ദിനത്തില്‍ എത്തുമെന്ന് ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തെത്തുടര്‍ന്ന് നീട്ടുവെക്കുകയായിരുന്നു. ഹോളി റിലീസ് ആയി മാര്‍ച്ച് 18ന് എത്തുമെന്നാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

റിലീസിന് അഞ്ച് ആഴ്ചകള്‍ മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ചുള്ള പല വിവരങ്ങളും റിപ്പോര്‍ട്ടുകളായി പുറത്തെത്തുന്നുണ്ട്. ഈ ദിവസങ്ങളില്‍ അത്തരത്തില്‍ പുറത്തുവന്ന ഒരു വിവരം അക്ഷയ് കുമാറിന്‍റെ പ്രതിഫലക്കാര്യമാണ്. ബോളിവുഡില്‍ നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം അക്ഷയ് കുമാര്‍ ആണ്. അദ്ദേഹത്തിന്‍റെ ബോക്സ് ഓഫീസ് സ്ട്രൈക്ക് റേറ്റ് തന്നെ ഇതിനു കാരണം. ബച്ചന്‍ പാണ്ഡേയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹം 99 കോടിയാണ് വാങ്ങിയിരിക്കുന്നതെന്നാണ് പുറത്തെത്തിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രതിഫലം അദ്ദേഹം മറ്റു പല ചിത്രങ്ങള്‍ക്കും വാങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന ‘മിഷന്‍ സിന്‍ഡറെല്ല, ബഡെ മിയാന്‍ ഛോട്ടെ മിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് അക്ഷയ് വാങ്ങിയിരിക്കുന്നത് 135 കോടി വീതമാണ്. ബെല്‍ബോട്ടത്തിന് 117 കോടിയും. സൂര്യവന്‍ശിക്ക് 70 കോടിയും. ചെറു ചിത്രങ്ങള്‍ക്ക് പ്രതിഫലം കുറച്ചുകൊണ്ട് പ്രോഫിറ്റ് ഷെയറിംഗ് രീതിയിലും അക്ഷയ് കുമാര്‍ ഡേറ്റ് കൊടുക്കുന്നുണ്ട്. മിനിമം പ്രതിഫലം വാങ്ങിക്കൊണ്ട് തനിക്ക് പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ 40-50 ശതമാനം ലാഭവിഹിതമാണ് അദ്ദേഹം ആവശ്യപ്പെടാറെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *