ബാബു നാളെ ആശുപത്രി വിടും; ആരോഗ്യനില തൃപ്തികരം
43 മണിക്കൂര്‍ കേരളക്കരയെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയ ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും നാളെ ആശുപത്രി വിടുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ ഇന്ന് മന്ത്രി കൃഷ്ണൻകുട്ടി സന്ദർശിച്ചിരുന്നു
ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു ഇന്നുംകൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇ.സി.ജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്.
ഇതിനിടെ ആശുപത്രിയിൽ കഴിയുന്ന ബാബുവിന് അപ്രതീക്ഷിത സമ്മാനവും ലഭിച്ചു, മുൻപരിചയമില്ലാത്തയാൾ ബാബുവിന് നൽകണമെന്നാവശ്യപ്പെട്ട് ഒരു പൊതി മാതാവ് റഷീദയെ ഏല്പിച്ചു മടങ്ങുകയായിരുന്നു.