Saturday, January 4, 2025
Movies

450 സ്‌ക്രീനിൽ കുറുപ്പ് രണ്ടാഴ്ച കളിക്കും; അഞ്ചല്ല അമ്പത് സിനിമ ഒ.ടി.ടിയിൽ പോയാലും തിയേറ്ററുകൾ നിലനിൽക്കും: ഫിയോക്

 

അഞ്ചല്ല അമ്പത് സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ മോഹന്‍ലാലിന്റെ അടുത്ത അഞ്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ആവുമെന്ന് കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിജയകുമാറിന്റെ പ്രതികരണം. സിനിമയോ സിനിമാ തിയേറ്ററുകളോ ഒരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ തിയേറ്റര്‍ റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ അണിയറക്കാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിജയകുമാര്‍ സംസാരിച്ചത്.

സമീപകാലത്ത് കേരളത്തിലെ തിയേറ്ററുകള്‍ കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിന് വേണ്ടിയല്ല മറിച്ച് കുറുപ്പിന് വേണ്ടി ആയിരുന്നു. കുറുപ്പിനെ തിയേറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുറുപ്പ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ മുന്നില്‍ ഉപാധികളൊന്നും മുന്നോട്ടു വച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്നു മാത്രമാണ് പറഞ്ഞത്.

ഒടിടി റിലീസിനൊരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമാണ് തിയറ്ററില്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണിത്. ഇന്നത്തെ സാഹചര്യത്തില്‍ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഏറ്റെടുക്കുകയാണെന്ന് നിര്‍മാതാക്കളായ ദുല്‍ഖര്‍ സല്‍മാനും അനീഷ് മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിയറ്റര്‍ റിലീസിനാണ് എല്ലാവരും വലിയ സിനിമകള്‍ എടുക്കുന്നതെന്നും ഒടിടി റിലീസ് ചെയ്യാനൊരുങ്ങുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും ദുല്‍ഖര്‍ പറഞ്ഞു

എന്നാല്‍ കേരളത്തിലെ 450 സ്‌ക്രീനുകളില്‍ മിനിമം രണ്ടാഴ്ച എങ്കിലും ചിത്രം ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനം. ഇതും അവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല. തങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതാണ്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ഥന ഈ ചിത്രത്തിനൊപ്പമുണ്ടാവും. യുവതാരങ്ങള്‍ കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കരുതെന്ന് തന്റെ ഒരു അഭ്യര്‍ഥനയാണെന്നും വിജയകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *