മലയാള സിനിമ ഇന്നു മുതൽ വീണ്ടും സ്‌ക്രീനിൽ; ആദ്യം പ്രദർശനത്തിനെത്തുക ജോജു ജോർജ് ചിത്രം സ്റ്റാർ
തിയറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമയ്ക്ക് ഉത്സവകാലം . ജോജു ജോർജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റർ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ഉൾപ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളിൽ തിയറ്ററുകളിൽ എത്തും .
കോവിഡ് ഇടയാക്കിയ ഇടവേളയ്ക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനിൽ ഇന്നുമുതൽ തെളിയുകയാണ്. ഡോമിന്‍ ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാർ സിനിമയിൽ അതിഥിയായി പൃഥിരാജുo എത്തുന്നുണ്ട്. കനൽ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാം, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മാത്യു , മാമുക്കോയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുലരി ബഷീർ സംവിധാനം ചെയ്ത ക്യാബിൻ എന്ന ചിത്രവും ഇന്ന് തിയറ്ററുകളിൽ എത്തും.
റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേർന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നത്. സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും. അജഗജാന്തരം, എല്ലാം ശെരിയാകും, ഭീമന്റെ വഴി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളും ഉടൻ പ്രദർശനത്തിന് എത്തും . മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ തിയറ്ററുകളിൽ എത്തിക്കാൻ ഫിലിം ചേമ്പർ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളും നിർമാതാക്കളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.