Sunday, January 5, 2025
Movies

‘ബേബി മോണിക്കയ്ക്കായി ഡബ്ബ് ചെയ്യാന്‍ കുട്ടിയെ തേടുന്നു’; മമ്മൂട്ടിയുടെ മാസ് ലുക്ക് പങ്കുവെച്ച് മഞ്ജു വാര്യര്‍

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് ‘ദ പ്രീസ്റ്റ്’. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് സിനിമ എത്തുന്നത്. ചിത്രം ഉടന്‍ റിലീസിനെത്തുമെന്നും കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്ന ബാലതാരം മോണിക്കയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് പങ്കുവെച്ചാണ് വീഡിയോയില്‍ മഞ്ജു വാര്യര്‍ ‘കൈദി’ ഫെയിം ബേബി മോണിക്കയ്ക്കായി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുന്നതായി അറിയിച്ചിരിക്കുന്നത്. മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്ന എട്ട് വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികള്‍ വോയ്സ് അയച്ചു തരിക എന്നാണ് മഞ്ജു പറയുന്നത്.

”ആദ്യമായിട്ട് കാണുന്ന ഒരാളോട് എങ്ങനെ പെരുമാറണം എന്ന് എന്നെ ആരും പഠിപ്പിച്ചിട്ടില്ല. ഇത്രയും കാലം ഞാന്‍ ജീവിച്ചത് ഒരു അനാഥാലയത്തിലാണ്” എന്ന ഡയലോഗാണ് റെക്കോഡ് ചെയ്ത് വാട്‌സ്ആപ്പില്‍ അയക്കേണ്ടത്. ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ദ പ്രീസ്റ്റ് ജോഫിന്‍ ടി. ചാക്കോയാണ് സംവിധാനം ചെയ്യുന്നത്.

വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകരും പറയുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. നിഖില വിമല്‍, ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *