വയനാട് ജില്ലയില്‍ കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു
വയനാട് ജില്ലയില്‍ നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രത്യേക രോഗലക്ഷണങ്ങള്‍ ഇല്ലാതെ പക്ഷികളില്‍ പെട്ടന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണം. ഇത്തരത്തിലുളള സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ജന്തുജന്യ രോഗ നിയന്ത്രണ കാര്യാലയത്തിന്റെ – 04936206805 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണം. ദേശാടനപ്പക്ഷികളടക്കമുളള നീര്‍പക്ഷികള്‍ പക്ഷിപ്പനി വൈറസിന്റെ സ്വാഭാവിക വാഹകരാണ്. സാധാരണ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളിലാണ് ഈ രോഗം കണ്ട് വരുന്നതെന്നും. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കോഴി ഫാമുകളുടെയും പരിസരങ്ങളുടെയും അണുനശീകരണത്തിനായി 2 ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി, 2 ശതമാനം പൊട്ടാഷ്യം പെര്‍മാഗനേറ്റ് ലായനി, അല്ലെങ്കില് കുമ്മായമോ ഉപയോഗിക്കണം. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് പക്ഷിപ്പനി വൈറസിന് താങ്ങാന്‍ സാധിക്കാത്തതിനാല്‍ കോഴി, താറാവ് എന്നിവയുടെ മാംസവും മുട്ടയും നല്ലവണ്ണം പാചകം ചെയ്ത് വേണം കഴിക്കാന്‍. മുന്‍കരുതല്‍ നിലയില്‍ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. ജില്ലയില്‍ പക്ഷിപ്പനിയുടെ നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലുളള എല്ലാ കോഴി ഫാമുകളിലും പെറ്റ് ഷോപ്പുകളിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിക്കും. പക്ഷിപനി പ്രതിരോധത്തിന് എല്ലാ കര്‍ഷകരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.