Wednesday, January 1, 2025
Movies

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം; വാരിയെല്ലിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം.

പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത വേദനയുണ്ട്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് എടുക്കേണ്ടിവരും. വേദനയ്ക്കുള്ള മരുന്നുകളുണ്ട്. ചെയ്യേണ്ട ജോലികളെല്ലാം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ബച്ചന്‍ കുറിച്ചു.

ദീപിക പദുകോണ്‍, പ്രഭാസ്, ദിഷ പടാനി എന്നിര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന പ്രൊജക്ട് കെ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *