അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുത്; ഡല്‍ഹി ഹൈക്കോടതി
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. തന്റെ ശബ്ദവും ചിത്രങ്ങളും പരസ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ആളുകള്‍ ഉപയോഗിക്കുന്നതിനെതിരെ അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
ബിസിനസ് ആവശ്യങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും മറ്റുമായി പലരും അമിതാഭ് ബച്ചന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും അദ്ദേഹത്തിന്റെ അനുമതിയോടെയോ അറിവോടെയോ അല്ല. അമിതാഭ് ബച്ചന് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു.
ടീ ഷര്‍ട്ടുകളിലടക്കം അമിതാഭ് ബച്ചന്റെ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. amitabhbachchan.com എന്ന പേരില്‍ ആരോ ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബച്ചന്റെ പേരില്‍ ലോട്ടറി പോലും ചിലര്‍ ഇറക്കി. ചില ആളുകള്‍ ബച്ചന്റേതെന്ന പേരില്‍ കൃത്രിമ ശബ്ദം പോലും പരസ്യങ്ങളില്‍ പുറത്തിറക്കുന്നുണ്ട്. അമിതാഭ് ബച്ചന്റെ പേര് ഉപയോഗിച്ച് Amitabh Bachchan Video Call എന്ന പേരില്‍ ഒരു ആപ്പും പുറത്തിറങ്ങിയിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് ബച്ചന്റെ കൃത്രിമ ശബ്ദത്തിലൂടെയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറിനെ ഉപയോഗിച്ചാണ് ഈ കൃത്രിമം നടക്കുന്നത്. അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.