വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സഞ്ചാരികൾക്ക് പ്രദേശത്തിന്റെ പ്രത്യേകതകളുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള സ്ട്രീറ്റ് സംവിധാനമായിരിക്കുമിതെന്നും
അടുത്ത വർഷം ആദ്യത്തോടെ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോർപറേഷൻ നവീകരിച്ച പാളയം സബ് വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോഴിക്കോട്ടെ ഓരോ പൗരന്റെയും ആഗ്രഹമാണ് സബ് വേ തുറന്നതിലൂടെ കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയത്. കോർപ്പറേഷൻ ഒട്ടേറെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കോർപ്പറേഷന്റെ ഏതൊരു വികസന പ്രവർത്തനത്തിലും സർക്കാരിൽ നിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സബ് വേയുടെ നവീകരണത്തിന് നേതൃത്വം നൽകിയ കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാരം നൽകി ആദരിച്ചു. ശ്രദ്ധിക്കപ്പെടാതെ പോയ സബ് വേ പുനരുജ്ജീവിപ്പിച്ചു പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ് കോർപ്പറേഷൻ. സബ് വേക്കുള്ളിലെ കലാകാരൻമാരുടെ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും പൊതുജനങ്ങൾക്കും ചുമട്ടുതൊഴിലാളികൾക്കും കച്ചവടക്കാർക്കും ഉപകാരപ്പെടുന്നതായിരിക്കും സബ് വേയെന്നും മന്ത്രി പറഞ്ഞു.
ഒരു പൊതുവഴി എന്നനിലയിൽ നമ്മുടെതാണെന്ന രീതിയിൽ സബ് വേ സംരക്ഷിക്കേണ്ടതുണ്ടെന്നും മറ്റുള്ളവർക്കുമുന്നിൽ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
1980 ൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സബ് വേയാണിത്. കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ പങ്കാ ളിത്തത്തോടെ നവീകരിച്ച സബ്‌വേയിൽ നഗരത്തിന്റെ സാംസ്കാരിക പൈതൃക പ്രൗഢി കാണിക്കുന്ന ചിത്രങ്ങൾ ചുമരുകളിൽ വരച്ചു ചേർത്തിട്ടുണ്ട്. നിലത്ത് പുതിയ ടൈൽ വിരിക്കുകയും കവാടത്തിലെ പഴയ ഇരുമ്പ് വാതിലും ഗ്രില്ലും പുതുക്കിയിട്ടുണ്ട്. ചോർച്ചകൾ അടക്കുകയും ചുമരും സീലിങ്ങും പെയിന്റ് ചെയ്ത് മനോഹരമാക്കുകയും മേൽക്കൂര, ലൈറ്റ്, സിസിടിവി കാമറ എന്നിവ സ്ഥാപിച്ചിട്ടുമുണ്ട്.
എം കെ രാഘവൻ എം പി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
മേയർ ഡോ.ബീന ഫിലിപ് അധ്യക്ഷയായി. ഡെപ്യുട്ടി മേയർ സി. പി മുസാഫിർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി കെ യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.