Thursday, January 2, 2025
Kerala

പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണും; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള ആപ്പ് ആയ ‘പി.ഡബ്ല്യു.ഡി. ഫോര്‍ യു’ വഴി പതിനായിരത്തിലധികം പരാതികള്‍ ഇതുവരെ ലഭിച്ചതായും ഇവ എല്ലാംതന്നെ പരിശോധിച്ചു പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, കാരോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

അടിസ്ഥാന വികസനത്തിനും റോഡുകളുടെ നവീകരണത്തിനും പി.ഡബ്ല്യു.ഡി പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന വികസനം ടൂറിസം വികസനത്തിനും അത്യന്താപേക്ഷിതമാണ്. എല്ലാ പഞ്ചായത്തിലും രണ്ടില്‍ കുറയാത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കണ്ടെത്തി നവീകരിച്ച് പ്രവര്‍ത്തനമാരംഭിക്കും.

മൂന്നു കോടി രൂപ ചെലവില്‍ നവീകരിച്ച ഉച്ചക്കട-ഊരവംവിള റോഡ്, 1.99 കോടി രൂപ ചെലവില്‍ നവീകരിച്ച ഉച്ചക്കട-പൊഴിയൂര്‍ റോഡ് എന്നിവയുടെ ഉദ്ഘാടനവും 1.70 കോടി രൂപ ചെലവിട്ട് നവീകരിക്കുന്ന ചാരോട്ടുകോണം- പഴയ ഉച്ചക്കട-കാക്കവിള റോഡിന്റെ നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനവുമാണു മന്ത്രി നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *