‘കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി’; നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്
നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. മന്ത്രി പി രാജീവ് അപ്പോൾ തന്നെ ജയസൂര്യക്ക് മറുപടി നൽകിയതാണ് എന്ന് മന്ത്രി പറഞ്ഞു. മന്ത്രി നൽകിയ മറുപടി മാധ്യമങ്ങൾ നൽകിയില്ല. ജയസൂര്യ പരാമർശിച്ച കൃഷ്ണപ്രസാദിനെ വിളിച്ചിട്ട് ഫോണെടുത്തില്ല. അദ്ദേഹത്തിൻ്റെ പാടശേഖരത്തിൽ എല്ലാവരും മാസങ്ങൾക്ക് മുൻപ് പണം വാങ്ങിയതാണ് എന്നും മന്ത്രി പ്രതികരിച്ചു.
എത്ര കാപട്യങ്ങളാണ് അരങ്ങത്തേക്ക് ഇറക്കുന്നത്. കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിത്. സംഭരണ ഘട്ടത്തിൽ തന്നെ പണം നൽകൽ അനിവാര്യമാണ്. പണം ലഭിക്കുന്നതിന് താമസം നേരിടുമ്പോൾ ബാങ്കിനെ സമീപിക്കുന്നത് അതുകൊണ്ടാണ്. ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതാണ്. സംസ്ഥാന വിഹിതം ഓണത്തിന് മുൻപ് കൊടുത്തു തീർത്തതാണ് എന്നും മന്ത്രി പറഞ്ഞു.