സൈബർ അധിക്ഷേപ പരാതി; പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മൻ്റെ മൊഴി രേഖപ്പെടുത്തുന്നു
സൈബർ അധിക്ഷേപ പരാതിയിൽ പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തുന്നു. വനിതാ കമ്മിഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു.
സൈബർ അധിക്ഷേപത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്.
അതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം.