കോതിയിൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം; സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പൊലീസിന്റെ ബലപ്രയോഗം
കോഴിക്കോട് കോതിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പൊലീസിന്റെ ബലപ്രയോഗം. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു.
പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാൻ കുട്ടി ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കൾ രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
അതേസമയം കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ രാവിലെ ഇവിടെ മാലിന്യ പ്ലാന്റ് നിര്‍മാണത്തിനായി എത്തിയ അധികൃതരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. വന്‍ പൊലീസ് സുരക്ഷയില്‍ ചുറ്റുമതില്‍ നിര്‍മിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരെയും തൊഴിലാളികളെയും നാട്ടുകാര്‍ തടയുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആറ് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയുടെ അകമ്പടിയോടെയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും ഇന്നലെ കോതിയിലെത്തിയത്. പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാരെത്തുകയായിരുന്നു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.