കോഴിക്കോട് ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പ്രദേശത്ത് വന്‍ പൊലീസ് കാവല്‍
കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ ജനകീയ പ്രതിഷേധം. വന്‍ പൊലീസ് സുരക്ഷയില്‍ ചുറ്റുമതില്‍ നിര്‍മിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരെയും തൊഴിലാളികളെയും നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കനത്ത പൊലീസ് കാവലില്‍ നിര്‍മാണം തുടരുകയാണ്.
ആറ് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയുടെ അകമ്പടിയോടെയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും കോതിയിലെത്തിയത്. പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാരെത്തി. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലായ് റോഡ് ഉപരോധിച്ചവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി അനുമതിയോടെയാണ് ജോലികള്‍ ചെയ്യുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജനവാസ മേഖലയില്‍ നിന്ന് പദ്ധതി മാറ്റുംവരെ സമരവും നിയമപോരാട്ടവും തുടരാനാണ് നാട്ടുകാരുടെ തീരുമാനം.